
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്. തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദിനംപ്രതി കൂടുതൽ തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ഉണ്ണികൃഷ്ണൻ പൊറ്റിക്കെതിരെ ലഭിച്ചിട്ടുണ്ട്. കൂടാതെ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കൂടുതൽ പരിശോധനകൾ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൻ്റെ കൂടുതൽ തെളിവുകൾ ആണ് എസ്ഐടി കണ്ടെത്തിയത്. ബംഗളൂരുവിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകൾ നടത്തിയതായാണ് വിവരം. ഭൂമിയും കെട്ടിടങ്ങളും പോറ്റി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തി.


