
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുരാരി ബാബു റിമാന്‍ഡില്‍. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ട് ആഴ്ചത്തേക്കാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇതേ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുരാരി ബാബുവിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുക്കേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചു എന്നത് ശ്രദ്ധേയമാണ്.
സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാലറിപ്പോര്‍ട്ടിനു ശേഷമുള്ള ഹൈക്കോടതി നിര്‍ദേശം. തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മുരാരി ബാബുവിന്റെ അറസ്റ്റും. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്. 1998ല്‍ ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.