
പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും.
മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കുക. ഏവിയേഷന്‍ ഇന്ധനത്തിന്റെ വില കുതിച്ചുയര്‍ന്നതാണ് കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാരണങ്ങളാല്‍ വേണ്ടി വന്ന തീരുമാനത്തില്‍ കമ്പനി ഖേദം അറിയിച്ചു. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന് തുടങ്ങിയ സാര്‍ക് രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമാകും. പശ്ചിമേഷ്യന്‍ /ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകള്‍ക്ക് 10 ഡോളര്‍ അധികമായി ചുമത്തും. എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും വൈകാതെ ഇന്ധനസര്‍ചാര്‍ജ് പ്രഖ്യാപിച്ചേക്കും.
അതേസമയം രാജ്യത്തെ പാചക വാതക പ്രതിസന്ധിയും രൂക്ഷമാകുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തും പാചകവാകത പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തും.



