
തൃശൂർ മേയർ സ്ഥാനം നൽകാതെ തഴഞ്ഞതിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കൗണ്‍സിലര്‍ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞുവെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് എതിരെ നടപടി എടുത്താൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് ലാലി ജെയിംസ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാജൻ പല്ലൻ സാമ്പത്തിക തിരിമറി നടത്തിയെന്ന് അവര്‍ ആരോപിച്ചു. തട്ടിപ്പ് നടന്നിട്ടുള്ളത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അറിവോടെയാണെന്ന് അവര്‍ പറഞ്ഞു.
തനിക്കെതിരെ ചെറിയ നടപടി ഉണ്ടായാൽ പോലും എല്ലാം വെളിപ്പെടുത്തും. പൂട്ടേണ്ടവരെ പൂട്ടും. കെ സി വേണുഗോപാലിൻ്റെ കളിയാണ് എല്ലാം. പണം വാങ്ങിയാണ് മേയർ സ്ഥാനം മറിച്ചത്. തൃശൂർ നിയമസഭ സീറ്റിന് വേണ്ടി രാജൻ പല്ലൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അതിൻ്റെ ഭാഗമാണ് ഈ ചരടുവലി. പല വെളിപ്പെടുത്തലുകളും വരും. കെ സി വേണുഗോപാലിൻ്റെ സംഘം പ്രവർത്തിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.



