KeralaNews

സ്‌കൂള്‍ ഒളിംപിക്‌സ് 21 മുതൽ തിരുവനന്തപുരത്ത്; സഞ്ജു ബ്രാന്‍ഡ് അംബാസഡര്‍

ഒളിംപിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള ഈ മാസം 21 മുതല്‍ 28 വരെ തിരുവനന്തപുരത്തെ 12 വേദികളിലായി അരങ്ങേറും. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലുള്ളവരും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20,000ത്തോളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഗെയിംസ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ 39 വിഭാഗങ്ങളിലായാണ് പോരാട്ടം.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. തിരുവനന്തപുരത്തേയും സമീപ പ്രദേശങ്ങളിലേയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയും മത്സരങ്ങള്‍ അരങ്ങേറും. പ്രധാന വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജര്‍മന്‍ ഹാങര്‍ പന്തലുപയോഗിച്ച് താത്കാലിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ച് 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കും.

മേളയ്ക്ക് മുന്നോടിയായി ഒരാഴ്ച മുന്‍പ് വിളംബര്‍ ഘോഷയാത്ര നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കായിക പ്രതിഭകളുടെ മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക പ്രതിഭകള്‍ സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയുമുണ്ടാകും. മാഹാരാജാസ് ഗ്രൗണ്ടില്‍ നിന്നു ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം. മാര്‍ച്ച് പാസ്റ്റില്‍ 4500 പേര്‍ പങ്കെടുക്കും. തൈക്കാട് മൈതാനത്തില്‍ പ്രധാന അടുക്കളയും ഭക്ഷണം കഴിക്കാനുള്ള സ്ഥലവും ഒരുക്കും.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സിലബസില്‍ യുഎഇയിലെ ഏഴ് സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുക്കും. തങ്കു എന്ന മുയലാണ് ഇത്തവണത്തെ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button