KeralaNews

സുരക്ഷാ വീഴ്ച ഇല്ല’; ഹെലികോപ്റ്റർ പുതഞ്ഞുപോയതിൽ വിശദീകരണവുമായി ആഭ്യന്തര വകുപ്പ്

ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയര്‍ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികൾക്ക് പോകില്ലെന്നാണ് സൂചന.

എന്നാല്‍ അര ഇഞ്ചിന്‍റെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു. കൂടാതെ ഹെലിപ്പാടിന്‍റെ ഉറപ്പിന്‍റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ‘എച്ച്’ മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്‍റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button