
കെപിസിസി സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ദില്ലിയിലെ ചർച്ചയ്ക്ക് ക്ഷണിക്കാത്തതിൽ നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഡൽഹിയിലെ ചർച്ചയ്ക്ക് പോയപ്പോൾ തങ്ങളെയൊക്കെ ഒഴിവാക്കിയെന്ന് കെ മുരളീധരൻ പറഞ്ഞു. അതിൽ പരാതി ഒന്നും പറഞ്ഞില്ലെന്നും കെ മുരളീധരൻ നീരസപ്പെട്ടു.
പാർട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന് പറഞ്ഞ കെ മുരളീധരൻ തെരഞ്ഞെടുപ്പിൽ ജയിക്കണം എന്നും അതിനാലാണ് പ്രതികരിക്കാത്തതെന്നും പറഞ്ഞു. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ മുരളീധരന്റെ വാക്ക് കൂടെ കേൾക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശശി തരൂർ വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ശശി തൂരിനുണ്ടായ പ്രയാസം രാഹുൽ ഗാന്ധി തന്നെ സംസാരിച്ച് പരിഹരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നിരന്തരം സ്തുതി പാടുന്ന ശശി തരൂർ കോൺഗ്രസിന് ഒപ്പം തന്നെ ഉണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപ്പൂർവം പേര് ഒഴിവാക്കിയതായി കരുതുന്നില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ പാർട്ടി അത് ഗൗരവമായി കാണുമെന്നും രണ്ടു ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ശശി തരൂരിനെ ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നത് എന്നും തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ല എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.



