
അഞ്ചാമത് ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം. ജനുവരി 31 നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും 7 മേഖല സമ്മേളനങ്ങളുമാണ് നടക്കുക. ഒന്നിൽ നിന്ന് അഞ്ചാമത് ലോക കേരള സഭയിലേക്ക് എത്തുമ്പോൾ 35 രാജ്യങ്ങൾ എന്നതിന് പകരം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളാണ് ഇക്കുറി ലോക കേരള സഭയുടെ ഭാഗമാവുക. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇക്കുറി സഭയിൽ പങ്കെടുക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
ജനുവരി 30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ‘നവകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രവി മാമൻ, ജോൺ ബ്രിട്ടാസ് എംപി, എം എ യൂസഫലി തുടങ്ങിയവർ പങ്കെടുക്കും. എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും 7 മേഖല സമ്മേളനങ്ങളും നടക്കും. ലോക കേരളസഭയിൽ രാഷ്ട്രീയ ഭേദമന്യേ പ്രതിപക്ഷവും പങ്കെടുക്കേണ്ടതാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭ നടക്കുക. ജനുവരി 29ന് നിശാഗന്ധിയിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങറും.


