
കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ വേണ്ടിയാണ് യോഗം ചേരുന്നതെങ്കിലും മുന്നണി മാറ്റ വിവാദങ്ങളും ചര്‍ച്ചയാകും.
ആരൊക്കെ യോഗത്തിൽ പങ്കെടുക്കും എന്നതിലും കൗതുകം നിലനിൽക്കുന്നുണ്ട്. നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം ജോസ് കെ മാണി മുന്നണി മാറ്റ ചർച്ചകളെ തള്ളിയെങ്കിലും അണികൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.
മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് ജോസ് കെ മാണിക്ക് ആശ്വാസമാണ്.



