
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ അയോഗ്രനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി കൈമാറി സ്പീക്കര്‍. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കാണ് സ്പീക്കർ പരാതി കൈമാറിയത്. രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി കെ മുരളി എം എൽ എയാണ് പരാതി നല്‍കിയത്. അധാർമികമായി പ്രവർത്തിക്കുന്ന എം എൽ എമാരെ എത്തിക്സ് ആൻഡ് പ്രവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയോഗ്യരാക്കാമെന്നത് നിലനില്‍ക്കുന്നതിനാലാണ് പരാതി കൈമാറിയത്.
അതേസമയം, മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ജാമ്യഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ബലാത്സംഗക്കേസില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുല്‍ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
ഇന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്. നേരത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ബലാത്സംഗ പരാതിയില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.



