KeralaNews

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശിയ്ക്ക്

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ്. എറണാകുളം സ്വദേശി തന്നെയായ ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. ചെറായി സ്വദേശിയാണ്. കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ് മൂന്നാം റാങ്ക്. 86,549 വിദ്യാര്‍ഥികളാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആര്‍ ഷേണായിക്കാണ്. പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചത്.

കീം ഫലം എങ്ങനെ പരിശോധിക്കാം

ഫലം പ്രഖ്യാപിച്ചാല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ഫലം പരിശോധിക്കാം. cee.kerala.gov.in ആയ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ കയറുക. കീം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ കയറിയതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആക്സസ് (ലോഗിന്‍) ചെയ്യുക.കീം 2025 റിസള്‍ട്ട് എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ വരുന്നതായിരിക്കും. അതില്‍ റിസള്‍ട്ട് അറിയാന്‍ സാധിക്കും. ശേഷം അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

നീറ്റ് പരീക്ഷാഫലം വന്നിട്ടും കീം ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. അതിനിടെ പ്ലസ്ടുവിനും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സംസ്ഥാന സിലബസിലെ കുട്ടികള്‍ക്കുപോലും പ്രവേശന പരീക്ഷയില്‍ മുന്നിലെത്താനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോര്‍മുല പരിഷ്‌കരിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണര്‍ കൈമാറിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button