സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് കുടയും കോട്ടും വാങ്ങി നൽകി സുരേഷ് ഗോപി
കനത്ത മഴയിലും ആവേശം ചോരാതെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് കോട്ടും കുടയും വാങ്ങി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് സമരക്കാരെ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ പ്രവർത്തകരുടെ സമരത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും പറഞ്ഞു. ആശാ പ്രവർത്തകരോട് സർക്കാർ കാണിക്കുന്നത് കനത്ത നീതികേടാണെന്നും അദ്ദേഹം ആരോപിച്ചു. തലസ്ഥാന ജില്ലയിൽ മഴ തോരാതെ പെയ്യുകയാണ്. സെക്രട്ടറിയേറ്റിലെ ആശാ പ്രവർത്തകരുടെ സമരവേദിയിലെ പന്തലുകൾ പുലർച്ചെ മൂന്നുമണിക്ക് പോലീസ് എത്തി നീക്കം ചെയ്തിരുന്നു. ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയ ശേഷമാണ് പോലീസ് പന്തൽ നീക്കം ചെയ്തത്. ആശാ പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കനത്ത മഴ പെയ്യുകയായിരുന്നു. രാവിലെ സമരപ്പന്തൽ സന്ദർശിച്ച സുരേഷ് ഗോപിയാണ് സമര പ്രവർത്തകർക്ക് മഴ നനയാതിരിക്കാൻ കുടയും കോട്ടും വാങ്ങി നൽകിയത്.