ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 30 മരണം

സമാധാന കരാറുകൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 6 കുട്ടികളും 2 സ്ത്രീകളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിൽ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാൻ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തിൽ ഓഫിസർമാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സമീപമുള്ള ഒരു അപ്പാർട്മെന്റിൽ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു.
ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഖാൻ യൂനിസിൽ അഭയാർഥികൾ താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. റഫയിൽ ഒരു തുരങ്കത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 3 ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു.
ഒരു ഹമാസ് കമാൻഡർ അറസ്റ്റിലായിട്ടുമുണ്ട്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 513 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



