
ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോക കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ സ്വപ്ന കിരീടം സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. മഴ കാരണം വൈകി ഫൈനൽ മത്സരം ആരംഭിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.3 ഓവറില്‍ 246 റണ്‍സില്‍ ഒതുങ്ങി. 87 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലി വര്‍മയാണ് കളിയിലെ താരം. 215 റണ്‍സും 22 വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ടൂര്‍ണമെന്റിലെ താരം.
78 ബോളിൽ നിന്നാണ് ഷഫാലി 87 റണ്‍സ് എടുത്തത്. ദീപ്തി ശര്‍മ 58 റണ്‍സെടുത്തു. സെമിയില്‍ ഇന്ത്യയുടെ രക്ഷകയായ ജെമീമ റോഡ്രിഗസിന് 24 റണ്‍സാണ് എടുക്കാനായത്. സ്മൃതി മന്ദാന 45 റണ്‍സെടുത്തു. ദീപ്തി ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.
ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോല്‍വാര്‍ദിന്റെ സെഞ്ചുറി (101) പാഴായി. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയുടെ അയാബോങ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.



