KeralaNews

സുകാന്ത് പലതവണ പണം കൈപ്പറ്റി, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ 24ന് ലഭിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും, നിരവധി തവണ പണം കൈപ്പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് അമ്മാവൻ മോഹനനാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ടെലിഗ്രാം ചാറ്റുകൾ ഉൾപ്പെടെ നിരവധി ഡിജിറ്റൽ തെളിവുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”നീ പോയി ചാവടി, എപ്പോൾ ചാവും?” എന്നീ സന്ദേശങ്ങളും ചാറ്റിലുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ ആറുമാസത്തെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിനുള്ള ബാങ്ക് രേഖകളും ലഭ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.സുകാന്ത്, ഐഎഎസ് കോച്ചിങ് നടക്കുന്നതിനിടെയിലും മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതായും, ജയ്പൂരിൽ വെച്ചാണ് ഇവ സംഭവിച്ചതെന്നും രേഖകളിലുണ്ട്.

പ്രതി മറ്റു യുവതികളെയും തിരുവനന്തപുരത്തും, ചെന്നൈയിലും അപ്പാർട്ട്മെന്റുകളിൽ എത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥ ഗർഭിണിയായത് സുകാന്ത് മൂലമാണെന്ന് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് റിമാന്റിലാണ്. ജൂണ്‍ പത്ത് വരെയാണ് റിമാന്റ്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങുകാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇന്നലെയാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കൊച്ചിയില്‍ കീഴടങ്ങിയത്.

ജാമ്യം അനുവദിച്ചാല്‍ കേസിനെ ഗുരുതമായി ബാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പേട്ട പൊലീസിന് പ്രതിയെ കൈമാറിയത്. തുടര്‍ന്ന് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ വിശദമായി ചോദ്യം ചെയ്യിലിനൊരുങ്ങുകയാണ് പൊലീസ്. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. രണ്ട് മാസത്തോളം ഒളിവിലായിരുന്ന സുകാന്തിനെ പിടികൂടാത്തതിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന വിവരവും പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button