യുഎസിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു: സെനറ്റിൽ ധനാനുമതി ബിൽ പാസായി

അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു.അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായി. 209 വോട്ടിനെതിരെ 222 വോട്ടിനാണ് ബിൽ പാസായത്. ആറു ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ഷട്ട്ഡൗൺ സമയത്ത് നടന്ന എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കുന്നതും ഫെഡറൽ ജീവനക്കാർക്ക് ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവച്ചാൽ അത് നിയമമായി മാറും.ഷട്ട്ഡൗൺ മൂലം കഴിഞ്ഞ ദിവസം മാത്രം അമേരിക്കയിൽ 900 വിമാനങ്ങൾ റദ്ദായതായി റിപ്പോർട്ടുകളുണ്ട്. ഷട്ട്ഡൗൺ കാരണം എയർ ട്രാഫിക് കൺട്രോളർമാർ ഉൾപ്പെടെയുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നത് കടുത്ത സ്റ്റാഫിങ് ക്ഷാമത്തിന് കാരണമായി. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി എഫ്.എ.എ. 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാനങ്ങളുടെ എണ്ണത്തിൽ വെട്ടിച്ചുരുക്കൽ ഏർപ്പെടുത്തി.
ഈ ഉത്തരവ് കാരണം മാത്രം ഒക്ടോബർ 30 മുതൽ നവംബർ 9 വരെ 4,100-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടിവന്നു. ഇത് ആകെ 52 ലക്ഷം യാത്രക്കാരെ നേരിട്ട് ബാധിച്ചു. റദ്ദാക്കലുകൾക്ക് പുറമേ, വിമാനങ്ങൾ മണിക്കൂറുകളോളം വൈകുന്നതും, യാത്രക്കാർക്ക് കണക്ഷൻ വിമാനങ്ങൾ നഷ്ടമാകുന്നതും വലിയ ദുരിതമുണ്ടാക്കി. ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ രാജ്യത്തെ പലമേഖലകളെയും ബാധിച്ചിട്ടുണ്ട്.


