
ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണ ചുമതല.
ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും. അതേ സമയം ദ്വാരപാലക ശിൽപ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്പോൺസറുടെ ബന്ധുവിൽ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.



