
ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ ‘ബംപര്‍’ വിലക്കുറവാണ് ഉണ്ടാകുക. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വന്‍ ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 700ഓളം ഉല്‍പന്ന പാക്കുകളുടെ വിലയാണ് അമുല്‍ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു.
5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉണ്ടായിരുന്നത്. ഇന്നുമുതല്‍ മുതല്‍ 5% (മെറിറ്റ്), 18% (സ്റ്റാന്‍ഡേര്‍ഡ്) സ്ലാബുകള്‍ മാത്രം. ആഡംബര ഉല്‍പന്ന/സേവനങ്ങള്‍ക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കുമായി (സിന്‍) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളര്‍ച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം.
ജിഎസ്ടി സേവിങ് ഉത്സവം അത്മനിര്‍ഭര്‍ ഭാരത്തിലേക്കുള്ള യാത്രയുടെ സുപ്രധാന ചുവടാണെന്നും മോദി പറഞ്ഞു. ജിഎസ്ടിയിലൂടെ നികുതി ഘടന ലഘൂകരിക്കപ്പെട്ടു. നേരത്തെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സാധനങ്ങള്‍ കൊണ്ട് പോകുമ്പോള്‍ നികുതി നല്‍കേണ്ടി വന്നിരുന്നു. പല തരത്തിലുള്ള നികുതികള്‍ നില നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നും മോദി അവകാശപ്പെട്ടു.രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റം കൊണ്ടുവരും. രാജ്യത്തെ സമസ്തമേഖലയ്ക്കും പരിഷ്‌കണം ഉണര്‍വ് നല്‍കും മോദി പറഞ്ഞു.