NationalNews

കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും

തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആചാരപരമായ ചടങ്ങുകളുള്ളതിനാല്‍ ചില കുടുംബങ്ങള്‍ മഹാബലിപുരത്ത് എത്തിയിട്ടില്ല. വിജയ് കരൂരില്‍ വരാതെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചതില്‍ ചില കുടുംബങ്ങള്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരൂര്‍ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ വിജയ് ആരംഭിക്കുന്ന പരിപാടിയില്‍ മരിച്ച 41 പേരുടെ ഫോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. പിന്നീട് കുടുംബത്തിന് അനുവദിച്ച മുറിയില്‍ എത്തി കുടുംബങ്ങളുമായി വ്യക്തിപരമായി വിജയ് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ യോഗം അവസാനിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.

അതിനിടെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന് പകരം പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സിബിഐ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button