
എഡിഎം നവീന് ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കലക്ടര്‍ക്ക് മുന്നില്‍ തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നത് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. 20 ലക്ഷം രൂപ നിക്ഷേപം ഉണ്ടെന്ന് പറയുന്ന പ്രശാന്തന്‍, എഡിഎമ്മിനു കൈക്കൂലി നല്‍കാന്‍ സ്വര്‍ണം പണയം വച്ച് ഒരു ലക്ഷം രൂപ കടമെടുത്തു എന്നു പറയുന്നത് യുക്തിപരമല്ല. പ്രതിയുടെ ഫോണ്‍ കൃത്യമായി പരിശോധിച്ചില്ല. പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കല്‍ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ മാത്രമാണ് കേസില്‍ പ്രതി. എഡിഎം നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെയും കുറ്റപത്രത്തിനെതിരെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശപരമാണെന്നാണ് കുടുബം ആരോപിച്ചിരുന്നത്.