
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മഞ്ഞ് ശക്തമാണ്. വ്യോമ- റെയിൽ- റോഡ് ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു.
ഡൽഹി വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സർവീസുകൾ സാധാരണ നിലയിലെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.വടക്കേ ഇന്ത്യയിലുടനീളം അനുഭവപ്പെടുന്ന അതിശക്തമായ മൂടൽമഞ്ഞ് വിമാന സർവീസുകളെ സാരമായി ബാധിച്ചു.ദൃശ്യപരത വൻതോതിൽ കുറഞ്ഞതോടെ ഡൽഹി ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ വിമാനത്താവളങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യാത്രക്കാർ എയർലൈനുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
അവധിക്കാല യാത്രകൾക്കായി വിമാനത്താവളങ്ങളിൽ എത്തുന്നവർ ട്രാഫിക് തടസ്സങ്ങളും വിമാനങ്ങൾ വൈകാനുള്ള സാധ്യതയും കണക്കിലെടുത്ത് നേരത്തെ തന്നെ എത്താൻ ശ്രമിക്കണം. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വടക്കൻ, കിഴക്കൻ ഇന്ത്യയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത.



