
സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതി ഷിംജിത മുസ്തഫയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നിലവിൽ മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഷിംജിത.
സംഭവദിവസം പയ്യന്നൂരിൽ വെച്ച് ഇരുവരും യാത്ര ചെയ്ത ‘അൽ അമീൻ’ എന്ന സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബസിനുള്ളിൽ വെച്ച് ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ സാഹചര്യം പുനരാവിഷ്കരിക്കുകയും മൊബൈൽ ഫോണിലെ ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയുമാണ് കസ്റ്റഡിയിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.
ദീപക്കിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോകൾ എഡിറ്റ് ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദീപക്കിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് പ്രതി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ബസിലെ ജീവനക്കാരുടെ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു.


