KeralaNews

നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യക്തതാ വാദം തുടരുന്നു; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്.

2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ ഒമ്പത് പ്രതികളാണുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു. 2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button