NationalNews

ജീവനെടുത്ത് ചുമ മരുന്ന്; സംസ്ഥാനങ്ങൾക്ക് നിർദേശങ്ങളുമായി കേന്ദ്രസർക്കാർ; ലൈസൻസ് റദ്ദാക്കും

മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്പനിക്ക് തമിഴ്‌നാട് സർക്കാർ ഉടൻ നോട്ടീസ് നൽകിയേക്കും. കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. പിന്നാലെ കമ്പനിയോട് സംസ്ഥാന സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ചുമ മരുന്ന് കഴിച്ച 14 കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. നാഗ്‌‍പൂരിലെ വിവിധ ആശുപത്രികളിലാണ് ഇവരെ പരിചരിക്കുന്നത്.

ഇതോടൊപ്പം ആറ് സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമാണ ശാലകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഇവയിൽ അപകടകാരികളുണ്ടോയെന്നടക്കം പരിശോധിക്കും. കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ സംസ്ഥാനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാഹിത സാഹചര്യത്തെ നേരിടാൻ സംസ്ഥാനങ്ങൾ സജ്ജമാകാനും മരുന്ന് നിർമാണ കമ്പനികൾ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ രാജസ്ഥാനിലെ 4 കുട്ടികളുടെ മരണം ചുമ മരുന്ന് കഴിച്ചതിനാലല്ലെന്ന് സംസ്ഥാനത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഇന്നലെ നടന്ന ആരോഗ്യ അവലോകന യോഗത്തിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button