
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് നാല് മണിക്ക് ബെന്നാർഘട്ട റോഡിലെ കൽക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
തന്റെ അന്ത്യവിശ്രമം ഇവിടെയായിരിക്കണമെന്ന റോയിയുടെ ആഗ്രഹം കണക്കിലെടുത്താണ് കുടുംബം ഈ തീരുമാനം എടുത്തത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് 2.30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്കാരം.
അതേസമയം, റോയിയുടെ മരണകാരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. നെഞ്ചിന്റെ ഇടതുഭാഗത്ത് തുളഞ്ഞുകയറിയ വെടിയുണ്ട ശ്വാസകോശത്തെയും ഹൃദയത്തെയും തകർത്തതാണ് മരണത്തിന് കാരണമായത്. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൽ ശബ്ദം പുറത്തുവരാതിരിക്കാൻ സൈലൻസർ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക സൂചനകൾ. എന്നാൽ, പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജനുവരി 30-ന് ഉച്ചയ്ക്ക് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സി.ജെ. റോയി സ്വയം ജീവനെടുത്തത് . മൊഴിയെടുത്ത ശേഷം അഞ്ച് മിനിറ്റ് ഇടവേള ചോദിച്ചു വാങ്ങിയ റോയ് തന്റെ കാബിനിലേക്ക് മടങ്ങുകയായിരുന്നു. 20 മിനിറ്റിന് ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വിദേശത്തായിരുന്ന ഭാര്യ ലിനിയും മക്കളായ രോഹിത്, റിയ എന്നിവരും ഇന്നലെ ബെംഗളൂരുവിൽ തിരിച്ചെത്തി. പോലീസ് ഇവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്



