പാകിസ്താൻ ആതിഥ്യമര്യാദയുള്ള രാജ്യം, ഇവിടുത്തെ ആളുകൾ അത്ഭുതപ്പെടുത്തി: സ്റ്റീവ് സ്മിത്ത്
പാകിസ്താനികളുടെ ആതിഥ്യമര്യാദ അത്ഭുതകരമാണെന്നും ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണെന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ഗ്രൂപ്പ് ബി പോരാട്ടത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് പാകിസ്താനെ പ്രശംസിച്ച് സ്മിത്ത് രംഗത്തെത്തിയത്. ചാംപ്യൻസ് ട്രോഫിക്കായി ആതിഥേയർ സമഗ്രമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ഈ ടൂർണമെന്റെന്നും സ്മിത്ത് പറഞ്ഞു.
ഐസിസിയുടെ വലിയ ടൂർണമെന്റുകളിൽ ഓസ്ട്രേലിയ സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു. പരിക്ക് മൂലം താരങ്ങൾ പുറത്തായത് തിരിച്ചടിയാണെന്നും എന്നാൽ ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഇതൊന്നും ചിന്തിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. ശ്രീലങ്കയോടും പാകിസ്താനോടും ഏകദിന പരമ്പര തോൽവി വഴങ്ങിയാണ് നിലവിലെ ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ വരവ്. അഞ്ചോളം താരങ്ങളുടെ പരിക്കും ഓസീസിനെ അലട്ടുന്നുണ്ട്