
മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഈ നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ കാലയളവിൽ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം.
കേന്ദ്രം 2022 ജൂൺ മാസത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ് പിന്നിട്ട, 21 വയസ് വരെ പ്രായമുള്ള യുവാക്കൾക്കാണ് നാല് വർഷം സൈന്യത്തിൽ പ്രവർത്തിക്കാൻ അവസരം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ 25 ശതമാനം പേരുടെ സേവന കാലാവധി 15 വർഷത്തേക്ക് കൂടി നീട്ടുന്നതാണ് ഉത്തരവ്. ഇത് പ്രകാരം ആദ്യ ബാച്ച് അഗ്നിവീറുകളുടെ സേവനം അടുത്തവർഷം അവസാനിക്കും.
ബിഎസ്എഫ്, സിഐഎസ്എഫ്, അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിൽ അഗ്നിവീറുകൾക്ക് പത്ത് ശതമാനം സംവരണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഇവർക്ക് റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ ഫിസിക്കൽ ടെസ്റ്റിൽ മികവ് തെളിയിക്കേണ്ട ആവശ്യമില്ല. ഒപ്പം ഉയർന്ന പ്രായപരിധിയിലും ഇളവുണ്ട്.


