യുഎസില്‍ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ കൊല്ലപ്പെട്ടു

യുഎസിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. ലൂയിസ്വില്ലെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ മൂന്ന് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം. യുപിഎസ് കമ്പനിയുടെ ഹോണോലുലുവിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്.
ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ ചിറകില്‍ നിന്നും തീ ഉയരുന്നതും പിന്നാലെ വിമാനം ഒരു തീഗോളമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലൂയിസ്വിലെ മെട്രോപൊളിറ്റന്‍ പൊലീസ് വകുപ്പ് അപകടം സ്ഥിരീകരിച്ചു.
റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നെന്നാണ് സൂചന. അപകടസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട എംഡി-11 വിമാനത്തിന് 34 വര്‍ഷം പഴക്കമുണ്ട് .


