
ബിഹാര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന വഴിയെന്നാണ് വി ടി ബല്‍റാമിന്റെ വിമര്‍ശനം. എം ബി രാജേഷ് ഇപ്പോഴുയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ടാണ് എന്നും ബല്‍റാം ആരോപിക്കുന്നു.
മോദി സര്‍ക്കാരിന്റെ പൗരത്വ കരി നിയമങ്ങള്‍ക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെ ‘ഗോലി മാരോ സാലോംകോ’, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വര്‍ഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാര്‍ത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികള്‍ക്കിടയില്‍ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനങ്ങളുടെ ജാള്യത തീര്‍ക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സംശയിക്കണം എന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.
ബിഹാര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്‍ ടൈറ്റില്‍ കാര്‍ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്‍ മനസ്സിലാക്കാനാവും, എന്നാല്‍ എം ബി രാജേഷും ശിവന്‍കുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതില്‍ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ടെന്നും വിടി ബല്‍റാം പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയവഴി ബല്‍റാം തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തെന്നും ബിഹാറില്‍ തക്കം നോക്കിയിരുന്ന ബിജെപിക്ക് മനഃപൂര്‍വം ആയുധം കൊടുത്തെന്നുമായിരുന്നു എം ബി രാജേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനം. കേരളത്തിലെ സാഹിത്യകാരന്‍മാരെ, എ.കെ.ജിയെ അപമാനിച്ച വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളെ അന്തസുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിക്കാത്തയാളാണ് വിടി ബല്‍റാം എന്നും മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.