
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിഹാറിലെ സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെയാണ് ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്കിടെയായിരുന്നു സംഭവം.
ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വോട്ടു മോഷണത്തിനെതിരെയാണ് രാഹുല്‍ഗാന്ധി ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുമായി മുന്നോട്ടു പോകുന്നത്. ഈ യാത്ര പരിപാടിയുടെ വേദിയില്‍ വെച്ചാണ് റിസ്‌വി അടക്കം ഏതാനും പ്രവര്‍ത്തകര്‍ മോദിക്കും അമ്മയ്ക്കുമെതിരെ അസഭ്യം പറഞ്ഞത്. ദര്‍ഭംഗയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകള്‍ പതിച്ച വേദിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് വീഡിയോയിലുണ്ട്.
രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ മോട്ടോര്‍ സൈക്കിളുകളില്‍ മുസാഫര്‍ പൂരിലേക്ക് പുറപ്പെട്ട സ്ഥലത്തു വെച്ചായിരുന്നു സംഭവം. വീഡിയോ വൈറലായതോടെ, ബിജെപി പട്‌നയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടി ഇത്തരം ഭാഷ അംഗീകരിക്കുന്നില്ലെന്നും നടപടിയെ അപലപിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു.