Sports

തോറ്റാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്, മുന്നില്‍ മികച്ച ഫോമിലുള്ള ഇന്ത്യ

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോര്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. കണക്കിലും നിലവിലെ ഫോമിലും ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ മറുവശത്ത് പാകിസ്ഥാനാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രയും പ്രവചനാതീതമായ മറ്റൊരു ടീമില്ല. തങ്ങളുടേതായ ദിവസത്തില്‍ ആരേയും തോല്‍പ്പിക്കുകയും എന്നാല്‍ അതേസമയം ആരോടും തോല്‍ക്കാന്‍ മടിയില്ലാത്ത സംഘവുമാണ് അവര്‍.

ഗ്രൂപ്പ് എ യില്‍ രണ്ട് ടീമുകളുടേയും രണ്ടാമത്തെ മത്സരമാണ് ഞായറാഴ്ച നടക്കുക. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യ, പാകിസ്ഥാനെ കീഴടക്കി സെമി ഫൈനല്‍ പ്രവേശം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് പാകിസ്ഥാന്റെ പോരാട്ടം നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ഐസിസി ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴിയാകും ഇന്ത്യയോട് തോറ്റാല്‍ മുഹമ്മദ് റിസ്‌വാനേയും സംഘത്തേയും കാത്തിരിക്കുന്നത്.ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സ് തോല്‍വി വഴങ്ങിയ പാകിസ്ഥാന് ഇന്ത്യയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ പ്രതീക്ഷ ബാക്കിയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ടീമിന്റെ ഫോമില്ലായ്മ വലിയ പ്രതിസന്ധിയാണ്.

ഇതിന് പുറമേയാണ് സ്റ്റാര്‍ ബാറ്റര്‍ ഫഖര്‍ സമാന്‍ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. എന്നാല്‍ കിവീസിനെതിരെ മൂവര്‍ സംഘത്തിന് തിളങ്ങാന്‍ സാധിച്ചില്ല.കിവീസിനെതിരെ മെല്ലെപ്പോക്കിന് പഴികേട്ട മുന്‍ നായകനും സൂപ്പര്‍താരവുമായ ബാബര്‍ അസമിനും ഇന്ത്യക്കെതിരായ മത്സരം വ്യക്തിപരമായി നിര്‍ണായകമാണ്. തിളങ്ങാനാകാതെ വരുകയും ടീം തോറ്റ് പുറത്താകുകയും ചെയ്താല്‍ ബാബറിന്റെ കരിയറില്‍ താത്കാലികമായിട്ടെങ്കിലും ഒരു ഇടവേള അനിവാര്യമായി മാറും. അതേസമയം വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കാതെ വലയുന്ന മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ ഫോം ഇന്ത്യക്കും ആശങ്കയാണ്.ബുംറയുടെ അഭാവത്തില്‍ പകരക്കാരന്റെ കുപ്പായത്തിലെത്തിയ ഹര്‍ഷിത് റാണ് ബംഗ്ലാദേശിനെതിരെ തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസമാണ്. ദുബായിലെ പിച്ച് വേഗം കുറഞ്ഞതായതിനാല്‍ തന്നെ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. അഞ്ച് സ്പിന്നര്‍മാരുള്ള ഇന്ത്യക്ക് ഇത് അനുകൂല ഘടകമാണ്. എന്നാല്‍ പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലാകുമ്പോള്‍ അവിടെ കണക്കുകള്‍ക്കോ ഫോമിനോ യാതൊരു പ്രസക്തിയുമില്ലെന്നതാണ് ചരിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button