
ബംഗളൂരു ബലാത്സംഗക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം. ബംഗളൂരു പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി നിർദേശം. കഴിഞ്ഞ ദിവസം കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന 47 കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ട് തവണ പീഡനത്തിന് ഇരയാക്കി വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി എന്നതാണ് കേസ്.
ജൂലൈ 18ന് വാദം കേൾക്കൽ പൂർത്തിയായ കേസിൽ വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.