Sports

രഞ്ജി ട്രോഫി ഫൈനൽ; ആദ്യ ഇന്നിം​ഗ്സിൽ കേരളം പൊരുതുന്നു, രണ്ടാം ദിനം മൂന്നിന് 131

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ ആദ്യ ഇന്നിം​ഗ്സിൽ കേരളം പൊരുതുന്നു. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 248 റൺസ് കൂടി വേണം.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ രണ്ടാം ദിവസം രാവിലെ ഒന്നാം ഇന്നിം​ഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 153 റൺസെടുത്ത ഡാനിൽ മാലേവാർ ഉൾപ്പെടെ വിദർഭയുടെ മുൻനിര വിക്കറ്റുകൾ കേരളം രാവിലെ തന്നെ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ ഒമ്പതിന് 325 എന്ന നിലയിലേക്ക് എതിരാളികളെ പ്രതിസന്ധിയിലാക്കാനും കേരളത്തിന് കഴിഞ്ഞു. എന്നാൽ 11-ാമനായി ക്രീസിലെത്തി 32 റൺസെടുത്ത നചികേത് ഭൂട്ടെ വിദർഭ സ്കോർ 379ൽ എത്തിച്ചു.

ആദ്യ ഇന്നിം​ഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 14 റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹൻ കുന്നുന്മലും അക്ഷയ് ചന്ദ്രനും തിരിച്ചെത്തി. മൂന്നാം വിക്കറ്റിൽ ആദിത്യ സർവതെ – അഹമ്മദ് ഇമ്രാൻ സഖ്യമാണ് കേരളത്തിന്റെ സ്കോർ മുന്നോട്ട് നീക്കിയത്. 120 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെ 66 റൺസുമായി സർവതെ ക്രീസിൽ തുടരുകയാണ്. 83 പന്തിൽ മൂന്ന് ഫോറടക്കം 37 റൺസെടുത്ത് അഹമ്മദ് ഇമ്രാൻ പുറത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും 93 റൺസ് കൂട്ടിച്ചേർത്തു. സച്ചിൻ ബേബി ഏഴ് റൺസോടെ ക്രീസിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button