Sports

ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഏകദിന‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്‌റ്റീവ് സ്‌മിത്ത്

ദുബായ്: നിർണായകമായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തോറ്റ് ടീം പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നായകൻ സ്‌റ്റീവ് സ്‌മിത്ത്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായാണ് സ്‌മിത്ത് അറിയിച്ചത്. ദുബായിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയോട് ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. അവസാന മത്സരത്തിൽ ഓ‌സീ‌സ് ബാറ്റിംഗ് നിരയിൽ ടോപ്‌ സ്‌കോററായി 73 റൺസ് സ്‌മിത്ത് നേടിയിരുന്നു.

170 ഏകദിനങ്ങളിൽ 154 ഇന്നിംഗ്‌സുകളിലായി 5800 റൺസാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 2010ൽ സ്‌പിന്ന‌റായി അരങ്ങേറ്റം കുറിച്ച താരം, 2016ൽ ന്യൂസിലാന്റിനെതിരെ നേടിയ 164 റൺസാണ് ഏകദിനത്തിൽ നേടിയ മികച്ച സ്‌കോർ. 43.28 ആണ് ഏകദിനത്തിൽ സ്‌മിത്തിന്റെ ബാറ്റിംഗ് ശരാശരി 35 അർദ്ധ സെഞ്ച്വറികളും 12 സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. കൊഹ്‌ലിയും ന്യൂസിലാന്റ് മുൻ നായകൻ കെയിൻ വില്യംസണും ഇംഗ്ളണ്ട് മുൻ നായകൻ ജോ റൂട്ടിനുമൊപ്പം ആധുനിക ക്രിക്കറ്റിലെ പ്രതിഭാധനനായ താരമായാണ് 35കാരനായ സ്‌മിത്ത് അറിയപ്പെടുന്നത്. വ്യത്യസ്‌തമായ ബാറ്റിംഗ് സ്‌റ്റാൻസ് സ്‌മിത്തിന്റെ പ്രത്യേകതയാണ്.

ടെസ്‌റ്റിലും ട്വന്റി 20യിലും അതേസമയം തന്റെ സേവനം ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് തുടർന്നും നൽകുമെന്ന് സ്‌മിത്ത് അറിയിച്ചിട്ടുണ്ട്. ‘മികച്ച ഒരു യാത്രയായിരുന്നു ഇത്. അതിന്റെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.’ തന്റെ ഏകദിന കരിയറിനെ കുറിച്ച് സ്‌മിത്ത് പറഞ്ഞു.’അതിശയിപ്പിക്കുന്ന നിരവധി ഓർമ്മകളും നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതിഭാധനരായ പല സഹകളിക്കാർക്കുമൊപ്പം രണ്ട് ലോകകപ്പ് വിജയം നേടിയത് അത്തരത്തിലുള്ളതാണ്.’ ഇപ്പോൾ 2027 ഏകദിന ലോകകപ്പിനായി മറ്റുള്ളവർക്ക് തയ്യാറെടുക്കാൻ സമയമായെന്നും അതിനായി മാറിക്കൊടുക്കുന്നതായും സ്‌മിത്ത് അറിയിച്ചു. വരുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, വെസ്‌റ്റിൻഡീസ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരായ ടെ‌സ്‌റ്റ്‌ പരമ്പരകൾ ഇവയിലാകും തന്റെ ഇനിയുള്ള ശ്രദ്ധയെന്ന് സ്‌മിത്ത് സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button