KeralaNews

സ്വരാജുമായി നല്ല അടുപ്പം, ഇടയ്ക്കിടെ കാണാറുണ്ട്; നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന ആര്യാടന്‍ ഷൗക്കത്ത്

എതിര്‍ സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്‍ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന്‍ ഷൗക്കത്ത് തുടര്‍ന്നു.

‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button