KeralaNews

നവീൻ ബാബുവിന്റെ മരണം; അഡീഷണൽ കുറ്റപത്രം സമർപ്പിച്ചു, കേസ് 23നു വീണ്ടും പരി​ഗണിക്കും

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് (1) കോടതി കേസ് ഈ മാസം 23നു വീണ്ടും പരി​ഗണിക്കും. അഡീഷണൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും.

2024 ഒക്ടോബർ 15നു രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ‌ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയാണ് കേസിലെ ഏക പ്രതി. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപ പ്രസം​ഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് കേസ്. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ‌

അതിനിടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് വ്യക്തി താല്‍പ്പര്യവും രാഷ്ട്രീയ താല്‍പ്പര്യവും ചേര്‍ത്തുണ്ടാക്കിയ ആരോപണ ചെളി ദിവ്യക്കെതിരെ വലിച്ചെറിയുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button