
സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 14, 16 തീയതികളിൽ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഓഗസ്റ്റ് 15,17 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും മംഗലാപുരത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ആലപ്പുഴ വഴിയാണ് ട്രെയിൻ നമ്പർ 06041/06042 സ്വാതന്ത്ര്യദിന സ്പെഷ്യലായി സർവീസ് നടതതുന്നത്.
വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.15 ന് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 06.30 ന് മംഗലാപുരം എത്തും. തിരിച്ച് വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 07.30 ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8 ന് തിരുവനന്തപുരം എത്തിച്ചേരും.
പ്രധാനപ്പെട്ട സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ ഈ സ്പെഷ്യൽ ട്രെയിന് സ്റ്റോപ്പുണ്ട്.