
മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാദൗത്യം ദുഷ്കരം. തകർന്ന റോഡുകളും മോശം കാലാവസ്ഥയും വെല്ലുവിളിയാണ്. ഹർഷിൽ, നെലാങ്, മതാലി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 657 പേരെ രക്ഷപ്പെടുത്തി. 12 ഹെലിക്കോപ്റ്ററുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.മേഖലയിൽ കുടുങ്ങിയ മലയാളികളെ ബേസ് ക്യാമ്പിലേക്ക് മാറ്റും. സൈന്യം, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, രജ്പുത്താന റൈഫിൾസ് എന്നിവർക്ക് പുറമേ സൈന്യത്തിന്റ പ്രത്യേക സംഘവും രക്ഷാപ്രവർത്തനത്തിനുണ്ട്.
മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ ഇന്നലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞതിനെത്തുടർന്ന് ഭട്ട് വാഡിയിൽ വീണ്ടും ഗതാഗത തടസം ഉണ്ടായി. മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് ഭീഷണിയാണ്. ഉത്തരാഖണ്ഡിലെ ധരാലിയിൽ എത്രപേർ കുടുങ്ങി കിടക്കുന്നുവെന്ന് ഇപ്പോഴും പറയാനാകില്ലെന്ന് ദുരന്തത്തെക്കുറിച്ചുള്ള വിവരം ആദ്യം പുറംലോകത്തെ അറിയിച്ച രാജേഷ് റാവത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
അതിനിടെ ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്ന്നുനില്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുഷ്കര്‍ സിങ് ധാമിക്ക് അയച്ച കത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നല്കാന് കേരള സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.