
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടകാരണം സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. മേലില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മിഥുന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ വീഴ്ചയുള്‍പ്പെടെ ആരോപിക്കപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതിനിടെ, എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ വൈദ്യുതി വകുപ്പ് ഉന്നത തല അന്വേഷണവും നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് കെഎസ്ഇബി അടിയന്തിര നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ സ്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് നിര്‍മിച്ച സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റത്. താഴ്ന്നു കിടന്ന് ഇലക്ട്രിക് ലൈനില്‍ പിടിച്ചതാണ് അപകട കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. മിഥുന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ശാസ്താംകോട്ട ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും. അമ്മ വിദേശത്തുനിന്ന് എത്തിയശേഷമാകും സംസ്കാരം.