
ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ആത്മഹത്യ തന്നെയാണ് മരണ കാരണമെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായത്.
എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാൽ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമായി. എന്നാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലൂടെ ഇന്നലെ നടക്കേണ്ടിയിരുന്ന ശവസംസ്കാരം മാറ്റിവച്ചു. ഇന്നും കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഷൈലജ, കാനഡയിൽ നിന്നെത്തിയ വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ എന്നിവരുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ചർച്ച നടന്നു. എന്നാൽ കുട്ടിയെ യുഎഇയിൽ സംസ്കരിക്കുന്ന കാര്യത്തിൽ നിതീഷ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. നിതീഷിന് അനുകൂലമായി കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലും കുട്ടിയുടെ മൃതദേഹം ഏറെ നാൾ ഫോറൻസിക് ലാബിൽ വയ്ക്കുന്നതിന്റെ അനൗചിത്യവും കാരണം കോൺസുലേറ്റിന് ഇക്കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.
വിപഞ്ചികയുടെയും ഒന്നര വയസുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും യുഎഇയിലെത്തിയത്. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ്, ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന് (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.