
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ വിശദീകരിച്ചതെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അടച്ച ബ്ലോക്ക് തന്നെയാണ് തകര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. 68 വര്‍ഷം മുന്‍പ് ഉണ്ടായ കെട്ടിടം ആണ്. ജെസിബി എത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വന്നു നിന്നപ്പോള്‍ ഉള്ള ആദ്യ വിവരം ആണ് ആദ്യം പറഞ്ഞത്. സൂപ്രണ്ട് ഉള്‍പ്പെടെ ഉള്ളവര്‍ ആണ് വിവരം പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എനിക്ക് നല്‍കിയ വിവരം ആണ് അപ്പോള്‍ പറഞ്ഞത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തും. മെയ് 30 ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജൂലൈ 31 ന് അകം മാറ്റാന്‍ ആണ് തീരുമാനം വന്നത്. 2013ലെ കത്തില്‍ തന്നെ ഈ കെട്ടിടം അപകടത്തില്‍ എന്ന് കണ്ടെത്തി അറിയിച്ചിരുന്നു. പക്ഷേ 2016 ല്‍ ആണ് ഫണ്ട് അനുവദിക്കാന്‍ പോലും തയാറായത്. 2021-22 കാലഘട്ടത്തിലാണ് എട്ട് നിലകളിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഷിഫ്റ്റിംഗ് അടിയന്തരമായി നടത്തണമെന്ന് തീരുമാനിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായത്. ദുഃഖകരമായ കാര്യണ്. ജില്ലാ കളക്ടര്‍ പരിശോധിക്കട്ടെ – മന്ത്രി വ്യക്തമാക്കി.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.