NationalNews

സിക്കിമില്‍ സൈനിക ക്യാംപിന് മുകളിലേക്ക് മണ്ണിടിഞ്ഞു; മൂന്ന് മരണം; ആറുപേരെ കാണാതായി

സിക്കിമിലെ ചാറ്റെനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ (Landslide ) സൈനിക ക്യാംപ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഹവീല്‍ദാര്‍ ലഖ്വീന്ദര്‍ സിങ്, ലാന്‍സ് നായിക് മുനീഷ് ഠാക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും കാണാതായ ആറുപേരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി.

ബ്രഹ്മപുത്ര, ബരാക് ഉള്‍പ്പെടെ പത്ത് പ്രധാന നദികള്‍ അപകടനിലയ്ക്ക് മുകളിലാണ്. ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കി. അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്‍പതുപേര്‍ വീതവും മേഘാലയയില്‍ ആറുപേരും മിസോറാമില്‍ അഞ്ചുപേരും നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒരാള്‍വീതവും മരിച്ചു. സിക്കിമിലും വ്യാപകമണ്ണിടിച്ചിലുണ്ടായി.അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയസംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്തമഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി. അരുണാചലില്‍ മണ്ണിടിച്ചിലില്‍ വാഹനം കൊക്കയില്‍വീണ് ഗര്‍ഭിണികളടക്കം ഏഴുപേര്‍ മരിച്ചു. അസമിലെ 15 ലധികം ജില്ലകളിലായി 78,000-ല്‍ അധികം പേരെ വെള്ളക്കെട്ട് ബാധിച്ചു.

മഴ ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മിസോറാമിലെ ഐസോള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചതായാണ് ഔദ്യോഗികമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ലാചുങ്ങില്‍ കുടുങ്ങിക്കിടന്ന 1600 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button