NationalNewsUncategorized

തരൂരിന് കീഴടങ്ങി കോൺഗ്രസ്; വിദേശ പര്യടനത്തിന് ഒടുവിൽ അനുമതി

കേന്ദ്രത്തിന്റെ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങളിൽ കുലുങ്ങിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഒടുവിൽ അയഞ്ഞു. വിദേശ പര്യടനത്തിനായി തരൂരിന് അനുമതി നൽകി. വിദേശയാത്രക്ക് ലഭിച്ച ക്ഷണത്തില്‍ തരൂര്‍ നിലപാട് ഉറപ്പിച്ചതോടെയാണ് എഐസിസിയുടെ തീരുമാനം. അതേസമയം തന്നെ പ്രതിനിധി സംഘത്തില്‍ നിർദേശിച്ച പേരുകൾ ഇല്ലാത്തതിലുള്ള അതൃപ്തിയും കോൺഗ്രസ് പ്രകടമാക്കി.

കേന്ദ്ര സർക്കാർ പട്ടിക സ്വീകരിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൽ നിന്ന് അകന്ന് തരൂർ കേന്ദ്രത്തോട് അടുക്കുന്നതായും വിമർശനം ഉയർന്നു. തരൂർ നിലപാട് ഉറപ്പിച്ചതിന് പിന്നാലെയാണ് എഐസിസി വിലയിരുത്തൽ. എഐസിസി നിലപാട് തള്ളിയ ശശി തരൂരിന്‍റെ ഉറച്ച നിലപാട് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തന്നെ ക്ഷണിച്ചു, താന്‍ പോകുമെന്നും രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ എന്നും തരൂർ പറഞ്ഞിരുന്നു. തന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പട്ടികയില്‍ നിന്ന്ആനന്ദ് ശര്‍മ്മയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് , അമര്‍ സിംഗ് എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ക്കും അനുമതി നല്‍കിയതായി എ ഐ സി സി വ്യക്തമാക്കി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ദേശീയതയുടെ കാര്യത്തിലും കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പുണ്ടെന്ന ആരോപണവും ശക്തമാവുകയാണ്. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button