KeralaNews

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: ഡോണള്‍ഡ് ട്രംപിന് നാളെ നിര്‍ണായകം

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിംഗ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് ഇത്തവണ മത്സരം. ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷവുമാണ്. കാലാവധി ആറ് വര്‍ഷമാണെങ്കിലും, ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് ഭാഗം സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഇതിനു പുറമേ, സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒഴിഞ്ഞ ഫ്ളോറിഡയിലേയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഒഴിഞ്ഞ ഒഹായോയിലേയും സീറ്റുകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പും നടക്കും. 36 സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ഗവര്‍ണര്‍മാരേയും തിരഞ്ഞെടുക്കും.

നിലവില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് അവര്‍ സഭയുടെ നിയന്ത്രണം നിലനിര്‍ത്തുന്നത്. 435 സീറ്റില്‍ ഭൂരിപക്ഷത്തിനായി വേണ്ടത് 218 സീറ്റുകളാണ്. നിലവില്‍ റിപ്പബ്ലിക്കന്‍സും ഒരു സ്വതന്ത്രനും ചേര്‍ന്ന് 219 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സിനുള്ളത്. ഡെമോക്രാറ്റുകള്‍ക്ക് നിലവില്‍ ജനപ്രതിനിധി സഭയില്‍ 214 സീറ്റുകളാണുള്ളത്. അതേസമയം, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 സീറ്റുകളുമാണ് ഉള്ളത്. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരുണ്ട്. ഇരു പാര്‍ട്ടികളുടെയും രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രകടനത്തെപ്പറ്റിയുള്ള ഹിത പരിശോധനയായാണ് ഇടക്കാല തിരഞ്ഞെടുപ്പുകളെ കാണുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി സഭയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങളില്‍ ഏറെയും സൂചിപ്പിക്കുന്നത്. ‘ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യൂ’ പോലുള്ള പ്രവചന മോഡലുകള്‍ ഡെമോക്രാറ്റുകള്‍ക്ക് സഭയില്‍ വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. അതേസമയം, സെനറ്റിലേക്കുള്ള പോരാട്ടം പ്രവചനാതീതമാണ്. സെനറ്റിലെ ഭൂരിപക്ഷത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന ജീവിതച്ചെലവ്, ഇന്ധനവില വര്‍ധനവ്, ഇറാനുമായുള്ള സംഘര്‍ഷം മൂലമുണ്ടായ പ്രതിസന്ധികള്‍, കുടിയേറ്റ നയങ്ങള്‍ എന്നിവയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങള്‍. ട്രംപിന്റെ ജനപ്രീതിയില്‍ ഉണ്ടായ ഇടിവും ഭരണപക്ഷത്തിന് വെല്ലുവിളിയായിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി മൂന്നിനാണ് പുതിയ സഭ അധികാരമേല്‍ക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button