InternationalNews

സൗദിയിൽ വീണ്ടും ഹൂതി ആക്രമണശ്രമങ്ങൾ; മിസൈലുകൾ തകർത്ത് സഖ്യസേന

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. റിയാദിൽ 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകർത്തത്. ഇതിനിടെ, ഹൂതികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് യമനിൽ സൈനിക നടപടികൾ ശക്തമായി തുടരുകയാണ്.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇന്ന് രാവിലെ ഹൂതികൾ തൊടുത്ത 3 ബാലസ്റ്റിക് മിസൈലുകൾ സഖ്യസേന പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു. ഇതിന് പുറമെ സൗദിയുടെ തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 4 ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകർത്തു. ഉച്ചയ്ക്ക് ശേഷം റിയാദിൽ 2 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ല. അൽ-ഖർജ്, അബഹ, ഖമീഷ് മുശൈത്ത്, നജ്‌റാൻ, ഹരീഖ്, കിഴക്കൻ പ്രവിശ്യ, തെക്കൻ മേഖല ഉൾപ്പെടെ സൗദിയുടെ പല ഭാഗത്തും സിവിൽ ഡിഫൻസിന്റെ അപായ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. അതേസമയം യമനിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടിയാണ് യമൻ സൈന്യം നൽകുന്നത്.

ഫജർ യമൻ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ ഭാഗങ്ങളിലായി 1276 ആക്രമണങ്ങൾ നടത്തി. ഇതിൽ 382 ഹൂതി നേതാക്കളും സൈനികരും കൊല്ലപ്പെട്ടതായി യമൻ സൈനിക വക്താവ് അറിയിച്ചു. ഹൂതികളുടെ 140 സൈനിക വാഹനങ്ങളും ആയുധങ്ങളും തകർക്കുകയും ചെയ്തു. ഹൂതികളുടെ കമാൻഡ് സെന്ററുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആയുധപ്പുരകൾ എന്നിവയും ആക്രമണത്തിൽ നശിച്ചു. തൈസ് മേഖലയിൽ വ്യോമസേനയുടെ പിന്തുണയോടെ മിന്നലാക്രമണങ്ങൾ നടന്നു. ജൗഫ്, മാരിബ്, ബൈദ തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button