NationalNews

‘ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം’; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജിവെക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ വെല്ലുവിളിയോട് പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആദ്യം അദ്ദേഹം ഉടന്‍ തന്നെ രാജിവെച്ച് മാതൃക കാണിക്കട്ടെ. ഏതായാലും കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഉള്ള മൂന്നു സീറ്റ് കൂടി നഷ്ടപ്പെടുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

‘അസം മുഖ്യമന്ത്രി ഒന്നു രാജിവെച്ച് മാതൃക കാണിക്കട്ടെ. എന്നിട്ട് നമുക്ക് ആലോചിക്കാം. പേപ്പര്‍ ബാലറ്റ് ആണ് ആവശ്യമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടല്ലോ. അത് നരേന്ദ്രമോദിയോട് ഒന്നു പറഞ്ഞാല്‍ മതി. പേപ്പര്‍ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണമെന്നതാണ് നമ്മുടെയൊക്കെ ആവശ്യം. ലോകത്ത് ഏഴു രാജ്യങ്ങളില്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലൂടെ വോട്ടെടുപ്പ് ഉള്ളതെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

വലിയ ജനാധിപത്യങ്ങളില്‍ പോലും പേപ്പര്‍ ബാലറ്റിലൂടെയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. എസ്‌ഐആറിനെ താന്‍ പൂര്‍ണമായി പിന്തുണച്ചെന്ന വാദം തെറ്റാണ്. എസ്‌ഐആറിലൂടെ ഇരട്ട വോട്ട്, കള്ളവോട്ട് തടയല്‍ തുടങ്ങിയവ തടയാനായി. യുഡിഎഫിന്റെ ശ്രമഫലമായാണ് വ്യാജവോട്ടര്‍മാരെ മാറ്റാന്‍ സാധിച്ചത്. അത് പറഞ്ഞുവെന്നത് ശരിയാണ്. അതല്ലാതെ എസ്‌ഐആറിനെ ന്യായീകരിച്ചിട്ടില്ല. കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും മാറ്റി, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതൊരു ബനാന റിപ്പബ്ലിക്ക് അല്ല. ഇന്ത്യയിലെ ജനങ്ങള്‍ പോരാടി നേടിയ സ്വാതന്ത്ര്യമാണ്. അവരുടെ അവകാശമാണ് വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുകയെന്നത്. അതു നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. ഇതിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പങ്കെടുക്കുകയാണ്. രമേശ് ചെന്നിത്തല പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ പല കാര്യങ്ങളിലും തെറ്റുകാരനാണ്. അങ്ങനെയൊരാളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറാക്കി വെച്ചിരിക്കുന്നു എന്നത് കൗതുകകരമാണ്. ഇത്തരമൊരാളെ കണ്ടെത്താനുള്ള നരേന്ദ്രമോദിയുടേയും ബിജെപിയുടേയും വൈദഗ്ധ്യത്തെ അഭിനന്ദിക്കുന്നു. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പര്യാപ്തമായ ആളെ എങ്ങനെ കണ്ടെത്തിയെന്നതില്‍ അത്ഭുതപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button