KeralaNews

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ സമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഐഎമ്മിന് ഉണ്ടോയെന്ന് കെ കെ രമ ചോദിച്ചു. നേതൃത്വത്തിന്റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിനാണ് സിപിഐഎം നേതാക്കള്‍ ഗൂഢലോചന നടത്തി ടി പി ചന്ദ്രശേഖനെ കൊലപ്പെടുത്തിയതെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

‘നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം, നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി എസും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?’, എന്നായിരുന്നു കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചത്.

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസും രംഗത്തെത്തിയിരുന്നു. ഏത് ഭരണഘടനാ പ്രകാരമാണ് വിപുലീകൃത സംസ്ഥാന സമിതി എന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖര്‍ പറഞ്ഞു തരുമല്ലോയെന്നായിരുന്നു മനു തോമസിന്റെ പരിഹാസം. ഇതിനെ കമ്മറ്റി എന്ന് വിളിക്കുന്നതിന് പകരം സംയുക്ത യോഗം എന്ന് വിളിച്ചാല്‍ ഏറെക്കുറെ ശരിയാകും. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താന്‍ പറയുന്നില്ല. സെമിനാര്‍ നടത്തുന്നു എന്ന മൂഡില്‍ കണ്ടാല്‍ മതി. കനത്ത പരാജയങ്ങളില്‍ നിന്ന് ആര്‍ക്കും സമനില തെറ്റാം, സ്വാഭാവികമാണ്, അതാണ് കോഴിക്കോട് സംഭവിക്കുന്നതെന്നും മനു തോമസ് പറഞ്ഞിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു മൂന്നു കോടി രൂപ വിപുലീകൃതമായി മാറും. പിണറായി ഫാന്‍സ് ക്ലബ്ബിന്റെ ശക്തി പ്രകടനത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്നും മനു തോമസ് പരിഹസിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button