News

സർക്കാരുമായി നടത്തിയ ചർച്ച പരാജയം; സമരം തുടരുമെന്നറിയിച്ച് ആശ വർക്കർമാർ

തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ച സമവായത്തിൽ എത്താത്തതിനാൽ സമരം തുടരാൻ തീരുമാനവുമായി ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ്) വർക്കർമാർ. സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല. വിരമിക്കൽ ആനുകൂല്യം, ഓണറേറിയം വർദ്ധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആശ വർക്കർമാർ അറിയിച്ചു.

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ. സംസ്ഥാനത്ത് നിലവിൽ 30,113 ആശ വർക്കർമാരാണുള്ളത്. അത്യാവശ്യത്തിന് അവധിയെടുത്താൽ പോലും ഓണറേറിയത്തിൽ കുറവ് വരും. ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ആശ വർക്കർമാരെ നിയമിക്കുന്നത്.

ജോലിഭാരത്താൽ നട്ടം തിരിയുകയാണ്. ആഴ്‌ച മുഴുവൻ രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ ജോലി ചെയ്തിട്ടും അർഹിക്കുന്ന ശമ്പളവും ഇൻസെന്റീവും ഉൾപ്പെടെ നേടിയെടുക്കാൻ കഠിനാധ്വാനം വേണ്ടിവരുന്നത് ദുരവസ്ഥയാണെന്നും ആശ വർക്കർമാർ പറയുന്നു.കൃത്യമായ ജോലി സമയമില്ല, ഞായറാഴ്‌ച തത്വത്തിൽ അവധിയാണെങ്കിലും ജോലി ചെയ്യണം, ലീവ് എടുത്താൽ ആ ദിവസം ഓണറേറിയത്തിൽ കുറയ്ക്കും, വിശേഷ ദിവസങ്ങളിൽ മതം നോക്കിയാണ് അവധി നൽകുന്നത്, വാഹനക്കൂലി സ്വയം നൽകണം, പെൻഷനോ ആരോഗ്യ ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല തുടങ്ങിയവയാണ് ആശ വർക്കർമാർ ഉന്നയിക്കുന്ന പ്രധാന പരാതികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button