
മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.
കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ അപേക്ഷ പരിഗണിച്ച്, രണ്ടും മൂന്നും പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി 31ന് ഹാജരാകാൻ കോടതി അനുവാദം നൽകി. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനാണ് കോടതിയുടെ പുതിയ ഉത്തരവ്.



