
നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്തമാരയുടെ ശിക്ഷ ഇന്ന് വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാകും പാലക്കാട് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുക.
മാനസിക പ്രശ്നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് പ്രോസിക്യൂഷന് കോടതിയിൽ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം.
2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്ദം കേട്ട് ഓടിവന്ന ലക്ഷ്മിയേയും വെട്ടുകയായിരുന്നു. സുധാകരന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലക്ഷ്മി മരിച്ചത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു കൊലപാതകം.



